വിനോദ സഞ്ചാരികളുടെ മനം കവർന്ന് നദിക്കുള്ളിലെ വീട്: ചിത്രങ്ങൾ

November 14, 2019

മനോഹരമായ വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. തങ്ങളുടെ വീട് മറ്റ് വീടുകളിൽ നിന്ന്  വ്യത്യസ്തമാവണമെന്നുതന്നെയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ വീടുകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. ആകാശത്തെ നക്ഷത്രങ്ങൾക്കൊപ്പം ഉറങ്ങുന്നതുപോലുള്ള അനുഭവം നൽകുന്ന ചില്ലുവീടുകളും, കാടിനുള്ളിലെ മരം കൊണ്ട് നിർമ്മിച്ച വീടുകളുമൊക്കെ നേരത്തെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു വീട്. ഇതൊരു സാധാരണ വീടല്ല. നദിക്കുള്ളിൽ ഒരുക്കിയിരിക്കുന്ന മനോഹരവീടാണ് വിനോദസഞ്ചാരികളുടെ മുഴുവൻ മനം കവരുന്നത്.

സെർബിയയിലെ ബജീന ബസറയിലെ ഡ്രിന എന്ന നദിയിലാണ് ഈ മനോഹര വീടൊരുങ്ങിയിരിക്കുന്നത്. മനോഹരമായി ഒഴുകുന്ന നദിയുടെ ഒത്തനടുക്കായി വിനോദസഞ്ചാരികളുടെ മുഴുവൻ ശ്രദ്ധ ആകർഷിച്ചുകൊണ്ടുള്ളതാണ് ഈ വീട്.

Read also: കല്യാണ ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനമായി വിത്തുകളും മരത്തൈകളും; ഇതിന് പിന്നിലെ കാരണമിതാണ് ! 

1968 ലാണ് ഈ വീട് നിർമാണം ആരംഭിച്ചത്. നദിയിൽ കുളിക്കാൻ ഇറങ്ങിയ കുറച്ച് ആളുകളാണ് ഈ വീടിന് പിന്നിൽ. കുളിക്കാൻ ഇറങ്ങിയപ്പോൾ നദിയുടെ നടുക്കായി പൊങ്ങിക്കിടക്കുന്ന ഒരു കല്ല് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ മുകളിലായി ഒരു വീട് പണിതാൽ എങ്ങനെയുണ്ടാകുമെന്നായി പിന്നീട് അവരുടെ ചിന്ത. പിന്നീട് അടുത്ത വേനൽക്കാലത്തും അവർ അവിടെത്തി. ഇത്തവണ എന്തായാലും വീട് നിർമ്മിക്കാമെന്ന് അവർ തീരുമാനിച്ചു. തുടർന്ന് പതിയെ മരക്കഷ്ണങ്ങളും തടികളുമെല്ലാം അവർ നദിയുടെ നടുക്കുള്ള പാറയിൽ എത്തിക്കാനുള്ള ശ്രമമായി.

കരയിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവർ നദിയിൽ സാധനങ്ങൾ എത്തിച്ചത്, അങ്ങനെ ഒരു ഒറ്റമുറി വീട് അവർ അവിടെ പണിയാരംഭിച്ചു. അതേസമയം ആറ് തവണ ഈ വീട് ഒഴുക്കിൽപ്പെട്ടിരുന്നു . പക്ഷെ തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും അവർ പണി തുടർന്നു. അവസാനം 2011 ലാണ് ഈ വീടിന്റെ പണി പൂർത്തിയായത്. ഇതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു ഈ നദിയിലെ വീട്.