ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘തൃശ്ശൂര്‍ പൂരം’ ട്രെയ്‌ലര്‍

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസിനോട് അനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പില്‍ വെച്ചുതന്നെയാണ് നടന്നതും. രാജേഷ് മോഹനനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും രതീഷ് വേഗയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭംഗിയും ചിത്രത്തില്‍ പ്രതിഫലിക്കുമെന്നാണ് സൂചന. ആനച്ചമയങ്ങളും കുടമാറ്റവും തൃശ്ശൂര്‍ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ പൂരത്തിന് ഏറെ ആവേശം പകരാറുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായ ചടങ്ങുകളും ചിത്രത്തില്‍ ഉണ്ടാകും.

Read more:രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായ, അത് ഈ കുതിരക്ക് നിര്‍ബന്ധമാ…; വൈറലായി കുതിരയുടെ ചായകുടി

‘ആട്’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്നീ ചിത്രങ്ങളിലും തൃശ്ശൂരുകാരനായാണ് ജയസൂര്യ എത്തിയത്. ഈ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ തൃശ്ശൂര്‍ പൂരമെന്ന ചിത്രത്തിലും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’.