നിറയെ സസ്പെന്‍സുമായി ‘അൽ മല്ലു’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

നമിത പ്രമോദ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അൽ മല്ലു’. സ്ത്രീ കേന്ദ്രീകൃത ചിത്രമായ ‘അൽ മല്ലു’വിൽ പ്രണയവും ചില ദുരൂഹതകളുമൊക്കെയാണ് പ്രമേയമാകുന്നത്. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ദുബായ്, അബുദാബി കേന്ദ്രീകരിച്ച് ആണ് കഥ വികസിക്കുന്നത്. ജീവിതം കരുപ്പിടിക്കാനായി കേരളത്തിൽ നിന്നും ഗൾഫ് രാജ്യത്തെത്തിയ ഒരു പെൺകുട്ടി അനുഭവിക്കുന്ന പ്രതിസന്ധികളും മറ്റുമാണ് ‘അൽ മല്ലു’വിന്റെ കഥാതന്തു. കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥപറയുന്ന ചിത്രം മികച്ച ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയാണ്.

നമിത പ്രമോദ്‌ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.