“25 വയസ്സുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്”; പ്രശംസയുമായി ഗോകുലം ഗോപാലന്‍

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. പതിറ്റാണ്ടുകള്‍ ഏറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമായിട്ട്. ‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല’ എന്ന് പലരും പറയാറുണ്ട് മമ്മൂട്ടിയെക്കുറിച്ച്. ഓരോ കഥാപാത്രത്തെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു മമ്മൂട്ടിയിലെ നടന്‍.

തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഷൈലോക്ക്’ എന്ന ചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാവ് ഗോകുലം ഗോപാലന്‍. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇതെന്തൊരു മഹാമായയാണെന്ന് താന്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ബോസ് എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നക്കാരനാകുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്‌സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം. അതുകൊണ്ടാണ് ബോസിനെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്. ആ വിളിപ്പേരാണ് സിനിമയുടെ ടൈറ്റിലായതും.