കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമില്ല; മനസ്സിലുള്ളത് മറ്റൊരു ആക്ഷൻ ത്രില്ലർ: മിഥുൻ മാനുവൽ

‘ആട്’, ‘ആൻമരിയ കലിപ്പിലാണ്’,’ അലമാര’, ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ തുടങ്ങിയ ഫാമിലി എന്റർടൈനർ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിരാ. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്.

അതേസമയം മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയിലാണ് മിഥുന്‍ മാനുവൽ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ പലതവണ ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടും ഇതിൽ സംതൃപ്തി ലഭിക്കാത്തതിനാലാണ് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്നും മിഥുൻ മാനുവൽ അറിയിച്ചു.

അതേസമയം മനസ്സിൽ ഇപ്പോഴുള്ളത് ഒരു ത്രില്ലർ ചിത്രമാണെന്നാണ് മിഥുൻ അറിയിച്ചത്. എന്നാൽ അത് അഞ്ചാം പാതിരാ പോലെയല്ല, ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്നും മിഥുൻ മാനുവൽ ദി ക്യൂ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

1990 ൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ.