ഇതാണെന്റെ ആദ്യ പ്രണയം; ചിത്രം പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങ്ങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗ്യാലറികൾ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും താരം താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പ്രണയദിനത്തോടനുബന്ധിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇതാണെന്റെ ആദ്യ പ്രണയം എന്ന അടിക്കുറുപ്പോടെ താരം ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ കായികലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ താരത്തിന് അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ടത് ബാറ്റും ബോളും ഗ്യാലറിയിലെ ആർപ്പുവിളികളും തന്നെയാകും.

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി.

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീട് ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്.

പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിൻ ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.