ആക്ഷന്‍ രംഗങ്ങളില്‍ അടിപതറാതെ സുരേഷ് ഗോപി; ‘വരനെ ആവശ്യമുണ്ട്’ മേക്കിങ് വീഡിയോ

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മക്കള്‍താരങ്ങളും അണിനിരക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പ്രദര്‍ശനം തുടരുന്നു. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗങ്ങളാണ് മേക്കിങ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. ചിത്രത്തിലെ സുരേഷ് ഗോപിയുടെ അഭിനയം നിവധി പ്രശംസകളും നേടിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Read more: യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് തലയെടുപ്പോടെ ജടായു പാറ

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയിൽ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു . അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.