കൊവിഡ്-19; കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങൾക്കായി ഒരു കോടി 25 ലക്ഷത്തിന്റെ സഹായവുമായി അല്ലു അർജുൻ

കൊറോണ വൈറസ് വ്യാപകമാകുന്നതോടെ ദുരിതനുഭവിക്കുന്ന നിരവധിപ്പേർക്ക് സഹായഹസ്തവുമായി സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി നന്മ മനസുകൾ എത്തുന്നുണ്ട്. കേരളം ഉൾപ്പെടെ കൊറോണ വൈറസ് മൂലം ദുരിതമനുഭവിയ്ക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്കായി ഒരു കോടി 25 ലക്ഷം രൂപയുടെ സഹായവുമായി എത്തുകയാണ് നടൻ അല്ലു അർജുൻ.

ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾക്ക് 50 ലക്ഷം രൂപയും, കേരളത്തിന് 25 ലക്ഷം രൂപയുമാണ് അല്ലു അർജുൻ നൽകുന്നത്. അതോടൊപ്പം സിനിമ മേഖലയിലെ ഫെഫ്ക ജീവനക്കാർക്കും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം പ്രളയകാലത്തും കേരളത്തിന് സഹായങ്ങളുമായി അല്ലു അർജുൻ എത്തിയിരുന്നു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും, പ്രളയത്തിൽ തകർന്ന ആലപ്പുഴ ജില്ലയിലെ അംഗനവാടികളുടെ  പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയും അദ്ദേഹം നൽകി.

അതേസമയം കൊറോണയെത്തുടർന്ന് ദുരിതമനുഭവിക്കുന്ന വിവിധ മേഖലകളിൽപ്പെട്ടവർക്കായി മമ്മൂട്ടി, മഞ്ജു വാര്യർ, രജനികാന്ത്, സൂര്യ, കാർത്തി, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങൾ സഹായവുമായി എത്തിയിരുന്നു.