സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുറച്ച് പാട്ട് ആയാലോ… സുന്ദരഗാനങ്ങളുമായി സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍

‘ലോക്ക് ഡൗണ്‍’… എന്ന വാക്ക് കേട്ടപ്പോള്‍ മുതല്‍ക്കേ പലകാര്യങ്ങളെക്കുറിച്ചോര്‍ത്ത് സമ്മര്‍ദ്ദത്തിലായവരുടെ എണ്ണം ചെറുതായിരിക്കാന്‍ ഇടയില്ല. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല രാജ്യത്ത്. മൂന്ന് ആഴ്ചത്തേയ്ക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എല്ലാവരും വീടുകളില്‍ തന്നെയാണ് കഴിയേണ്ടതും. പുറത്തിറങ്ങാതെ വീടുകളില്‍തന്നെ ഇരിക്കുകയാണെന്നു കരുതി വെറുതേ മാനസിക സമ്മര്‍ദ്ദം കൂട്ടേണ്ട. പലതരം അസ്വസ്ഥതകളെയും ചിന്തകളെയുമൊക്കെ പിടിച്ചുകെട്ടാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. പാട്ട്…

മാനസിക ആരോഗ്യത്തിന് മികച്ച ഔഷധംതന്നെയാണ് സംഗീതം എന്നത്. എത്ര കേട്ടാലും മതിവരാത്ത എത്രയെത്ര ഗാനങ്ങളുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച നിത്യ സുന്ദര ഗാനങ്ങള്‍. ഇപ്പോഴിതാ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുറച്ചു പുതിയ ഗാനങ്ങളുമായെത്തിയിരിക്കുകയാണ് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ’99 സോങ്‌സ്’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. ആകെ പതിനാല് ഗാനങ്ങളുണ്ട് ചിത്രത്തില്‍. പാട്ടുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. അതേസമയം സംഗീത സംവിധാനത്തിന് പുറമെ ’99 സോങ്‌സ്’ എന്ന ചിത്രത്തിന്റെ നിര്‍മാണവും തിരക്കഥാ രചനയും നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. വിശ്വാസ് കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.