‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക്- അയ്യപ്പനായി ബാലയ്യയും കോശിയായി റാണ ദഗുബാട്ടിയും

മലയാള സിനിമയിലെ ഏറ്റവും പുതിയ ഹിറ്റുകളിൽ ഒന്നാണ് ‘അയ്യപ്പനും കോശിയും’. ബിജു മേനോൻ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ അയ്യപ്പന്റേയും കോശിയുടെയും കൊമ്പുകോർക്കൽ പ്രമേയമായ ചിത്രമാണ്.

മലയാളത്തിൽ വിജയം കൊയ്ത ചിത്രം ഇപ്പോൾ തെലുങ്കിൽ റീമേയ്ക്കിന് ഒരുങ്ങുന്നു. തെലുങ്ക് സൂപ്പർ താരങ്ങളായ ബാലയ്യയും, റാണ ദഗുബാട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യപ്പനായി ബാലയ്യയും കോശിയായി റാണയും എത്തുന്നു.

റാണ ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടുവെന്നും ബാലയ്യ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സച്ചിയാണ് മലയാളത്തിൽ ചിത്രം സംവിധാനം ചെയ്തത്.

അതേസമയം, ചിത്രം തമിഴിലും റീമേക്കിന് ഒരുങ്ങുകയാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തമിഴ് പകര്‍പ്പവകാശം എസ് കതിരേശന്‍ സ്വന്തമാക്കി. ‘ആടുകളം’, ‘ജിഗര്‍താണ്ട’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് എസ് കതിരേശന്‍. അതേസമയം തമിഴ് റീമേക്കിന്റെ സംവിധാനം ആര് നിര്‍വഹിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താരനിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.