താരപ്പകിട്ട് ഇല്ലാതെ കൊറോണ വാർഡിൽ ജോലി ചെയ്യാനെത്തിയ ബോളിവുഡ് നടി

കൊവിഡ്-19 രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ മെഡിക്കൽ ടീമിനെ സജ്ജീകരിക്കുകയാണ് രാജ്യം. ഒരുപാട് പേർ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നുണ്ട്. ഇപ്പോൾ ബോളിവുഡ് നടിയും കൊറോണ വാർഡിൽ തന്റെ നഴ്‌സിംഗ് സേവനം നൽകാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുകയാണ്. നടി ശിഖ മൽഹോത്രയാണ് താല്പര്യം അറിയിച്ച് എത്തിയത്.

ഫാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലാണ് ശിഖ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ളത്. മുംബൈയിലുള്ള ഒരു ആശുപത്രിയിലാണ് ശിഖ സേവനമനുഷ്‌ഠിക്കാൻ തയ്യാറായിരിക്കുന്നത്. കൊവിഡ് രോഗ ബാധിതരെ ചികില്സിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നു നടി പറയുന്നു. ഡൽഹി വർധമാൻ മെഡിക്കൽ കോളേജിൽ ബിരുദമെടുത്ത് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ളതായി നടി പറയുന്നു.

കൊവിഡ്-19 തുരത്താൻ മെഡിക്കൽ ബിരുദമുള്ളവർ മുന്നിട്ട് വരണമെന്ന് നടി പറയുന്നു. രാജ്യത്തെ സേവിക്കാൻ താൻ തയ്യാറാണെന്നും അത് നഴ്സ് ആയിട്ടാണെങ്കിൽ അങ്ങനെയും നടിയായിട്ട് ആണെങ്കിൽ അങ്ങനെയും തയ്യാറാണെന്ന് ശിഖ പറയുന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ തന്നെ സേവനം അനുഷ്‌ഠിക്കാൻ തയ്യാറായതിന് നടിക്ക് അഭിനന്ദനം അറിയിക്കുകയാണ് ജനങ്ങൾ.