നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

March 24, 2020

കൊവിഡ്‌-19 വ്യാപനം തടയാനുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേരളം. സംസ്ഥാനമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ജില്ലകളിൽ നിരോധനാജ്ഞയും നിലവിൽ വന്നിരിക്കുകയാണ്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളിൽ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലും പ്രഖ്യാപിച്ചിരിക്കുകയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്കെതിരെ നിയമനടപടിയും ഉണ്ടാകും.

നിരോധനാജ്ഞ പ്രഖ്യാപിച്ച 6 ജില്ലകളിലും ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ആശുപത്രികളിൽ സന്ദർശകരും കൂട്ടിരിപ്പുകാരുമായി ഒന്നിലധികം പേർ വരുന്നത് നിരോധിച്ചിരിക്കുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റർവ്യൂ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എല്ലാം നിരോധിച്ചിരിക്കുന്നു.

മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനക്കായി ഒത്തുചേരൽ, ടൂർണമെന്റുകൾ, കായിക മത്സരങ്ങൾ, ഘോഷയാത്രകൾ, പട്ടികവർഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലക്ക്‌ അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു.
അവശ്യവസ്തുക്കളായ ഭക്ഷ്യപദാർഥങ്ങൾ, പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാം. ഇന്ധന വിതരണ സ്ഥാപനങ്ങൾ, ടെലികോം, പോസ്റ്റ് ഓഫീസ്, എടിഎം, ബാങ്ക് എന്നിവക്കും തുറന്നു പ്രവർത്തിക്കാം. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കണം.