കൊവിഡ്-19 ഡിഫൻസ് ഫോഴ്സിൽ അംഗമാകാൻ സന്നദ്ധത അറിയിച്ച് അയ്യായിരത്തോളം ആളുകൾ..അംഗത്വമെടുത്ത് സിനിമ താരങ്ങളും

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷൻ ഒരുക്കുന്ന സന്നദ്ധ സേനയിൽ അംഗത്വമെടുത്ത് സിനിമ താരങ്ങളും. നടി പൂർണിമ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ടൊവിനോ തോമസ്, മേജർ രവി തുടങ്ങിയവർ ആണ് അംഗത്വമെടുത്തത്.

ഒറ്റ ദിവസംകൊണ്ട് അയ്യായിരത്തിലധികം ആളുകളാണ് അംഗത്വമെടുത്തത്. ഇതിൽ 1465 പേർ കൂട്ടിരുപ്പുകാരാകാനും മറ്റുള്ള മൂവായിരത്തോളം ആളുകൾ ഇതര സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകാനുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൂട്ടിരുപ്പിനായി സന്നദ്ധത പ്രകടിപ്പിച്ചാണ് പൂർണിമ രംഗത്ത് എത്തിയിരിക്കുന്നത്. സന്നദ്ധ പ്രവർത്തനത്തിന് യുവജനങ്ങൾ മുന്നിട്ട് ഇറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് സന്നദ്ധ പ്രവർത്തനങ്ങളിലും ആരോഗ്യ പ്രവർത്തനങ്ങളിലും താൽപര്യമുള്ളവരെ യുവജന കമ്മീഷൻ ക്ഷണിച്ചത്.