കൊവിഡ് -19 സ്ഥിരീകരിക്കാൻ വികസിപ്പിച്ച പരിശോധന കിറ്റിന് അംഗീകാരം..രണ്ടര മണിക്കൂറിൽ ഫലം അറിയാം

കൊവിഡ്-19 ആശങ്കപരത്തി വ്യാപിക്കുമ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യുകയാണ് രാജ്യം. ഇപ്പോൾ രോഗ ബാധ സ്ഥിരീകരിക്കാൻ ഒരു ദിവസം തന്നെ വേണ്ടി വരുന്നത് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, കൊവിഡ്-19 വൈറസ് ബാധ അതിവേഗം കണ്ടെത്താൻ ഉപകരിക്കുന്ന ഇന്ത്യൻ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയഗ്നോസ്റ്റിക്സ് കമ്പനിയ്ക്ക് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കൺട്രോള്‍ ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ ചിലവുകൾ കുറയ്ക്കാനും ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുമാണ് ഇത്തരത്തിൽ ഒരു പരിശോധനാ കിറ്റിന് അനുമതി നൽകിയിരിക്കുന്നത്.

നിലവിലെ രീതി അനുസരിച്ച് പരിശോധനാഫലം ലഭിക്കാൻ ഏഴു മണിക്കൂര്‍ സമയമെടുക്കുമെങ്കില്‍ പുതിയ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കും.

അതേസമയം രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 500 കടന്നിരിക്കുകയാണ്. വേഗത്തിൽ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കാത്തത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ പുതിയ കിറ്റിന് അംഗീകാരം ലഭിച്ചത് ആശ്വാസമാകുകയായണ്.