എറണാകുളം ജില്ലയിൽ കൊവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. എറണാകുളം ജില്ലയിൽ കൊവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു. ജില്ലാ കളക്ടർ എസ് സുഹാസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. റവന്യു വകുപ്പിന്റെ കീഴിലായിരിക്കും കൊവിഡ് കെയർ സെന്ററുകളുടെ നടത്തിപ്പ്. ഇവയുടെ പ്രവർത്തന നിയന്ത്രണം ആരോഗ്യവകുപ്പിന്റെ കീഴിലായിരിക്കും. വില്ലേജ് ഓഫീസർമാരുടെ സഹായത്തോടെ തഹസിൽദാർ ആയിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

കൊവിഡ് കെയർ സെന്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ വസ്തുക്കളും, പ്രവശിപ്പിക്കപ്പടുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കും. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരുടെ കൃത്യമായ വിവരങ്ങളും കോൺടാക്ട് നമ്പറും ആ ദിവസംതന്നെ തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്താനും നിർദ്ദേശങ്ങൾ ഉണ്ട്.

അതേസമയം അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് കെയർ സെന്ററുകളിൽ കയറുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കോവിഡ് കെയര്‍സെന്ററുകളുടെ മാര്‍ഗരേഖ

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പ്രാബല്യത്തില്‍വരുത്തി ഉത്തരവിട്ടു. താലൂക്കുകളില്‍ കോവിഡ് സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ടോയ്‌ലറ്റ് സൗകര്യമുള്ള മുറികളോട് കൂടിയ കെട്ടിടങ്ങള്‍ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട കെയര്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ക്കുള്ള ചുമതലകളും വിഭജിച്ച് നല്‍കിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച പൊതുചുമതല റവന്യൂ വകുപ്പിനാണ്. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫീസര്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആരോഗ്യവകുപ്പിനാണ് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തും.

കെയര്‍ സെന്ററുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കുള്ള മാസ്‌ക്, ഗ്ലൗസ് എന്നിവ ഉറപ്പ് വരുത്തും. മുറികളില്‍ പ്രവേശിക്കപ്പെടുന്ന വ്യക്തികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസൊലേഷന്‍ സംവിധാനമുള്ള തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ഉറപ്പ് വരുത്തും. കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്കാവശ്യമായ ബെഡ് സൗകര്യം ഉറപ്പാക്കേണ്ടതും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.

കോവിഡ് സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിയുടെ ശരിയായ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങുന്ന വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി അതാതു ദിവസം സെന്ററിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം. സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റു ദൈനംദിനാവശ്യങ്ങള്‍ക്കുമായ സാമഗ്രികള്‍ നല്‍കുക, ഭക്ഷണം കുടിവെള്ളം എന്നിവ ലഭ്യമാക്കേണ്ടതും സെന്ററിലെ മാലിന്യ സംസ്‌കരണ ചുമതലയും തദ്ദേശ സ്വയംഭരണ വകുപ്പിനാണ്.

സ്‌പോണ്‍സര്‍മാരില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ലിസ്റ്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ തയ്യാറാക്കി സപ്ലൈ ഔട്ട് ലെറ്റുകളിലോ ഡിപ്പോകളിലോ സമര്‍പ്പിക്കേണ്ടതും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ മുഖേന ഭക്ഷ്യധാന്യ വിതരണത്തിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം. നഗര, ഗ്രാമ പ്രദേശങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരില്‍ അശരണര്‍, ഭിക്ഷാടകര്‍, നിരാലംബര്‍ തുടങ്ങിയവരുടെ ശുചിത്വം ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തി സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കേണ്ട ചുതമലയും തദ്ദേശ സ്വയംഭരണ വകുപ്പിനാണ്.

കോവിഡ് സെന്ററുകളില്‍ പ്രവേശിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ ലഭ്യത തഹസില്‍ദാര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉറപ്പ് വരുത്തേണ്ട ചുമതല സിവില്‍ സപ്ലൈസ് വകുപ്പിനാണ്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി ലഭ്യമാക്കേണ്ടതും സിവില്‍ സപ്ലൈസ് വകുപ്പാണ്.

കെ.എസ്.ഇ.ബി കോവിഡ് സെന്റെറുകളില്‍ 24 മണിക്കൂര്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കണം. മുടക്കമില്ലാത്ത ജലവിതരണത്തിന്റെ ചുമതല വാട്ടര്‍ അതോറിട്ടിക്കാണ്. അതാതു പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സെന്ററുകളില്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം. ആര്‍.ടി.ഒ എല്ലാ സെന്ററുകളിലും ആബുലന്‍സ് സൗകര്യം ഉറപ്പ് വരുത്തണം. അഗ്നിശമനസേന അടിയന്തര ഘട്ടത്തില്‍ കോവിഡ് സെന്ററുകളില്‍ ആവശ്യമായ സഹായം ലഭ്യമാക്കും. വൃദ്ധസദനം, അഗതിമന്ദിരം തുടങ്ങിയവയില്‍ താമസിക്കുന്നവരും സഹായം അനിവാര്യമായതുമായ വ്യക്തികള്‍ക്ക് ദൈനംദിനവൃത്തിക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതും സാമൂഹ്യനീതി വകുപ്പാണ്.

കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ മുറികള്‍ സ്വയം വൃത്തിയാക്കണം. അനധികൃതമായി സെന്ററുകളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അതിക്രമിച്ച് കയറുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും.

ജില്ലയിലെ വിവിധ താലൂക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും സബ് കളക്ടര്‍, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചി താലൂക്കിന്റെ ചുമതല സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍സിംഗിനാണ്.

മറ്റ് താലൂക്കുകളും ചുമതലയുള്ള ഉദ്യോഗസ്ഥരും യഥാക്രമം കണയന്നൂര്‍ – ഡെപ്യൂട്ടികളക്ടര്‍ സുരേഷ് കുമാര്‍, ആലുവ – ഡെപ്യൂട്ടി കളക്ടര്‍ സുനിലാല്‍ പി.ബി, കുന്നത്തുനാട് – ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, പറവൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ ഗീതാമണി, മൂവാറ്റുപുഴ – ആര്‍.ഡി.ഒ സാബു കെ. ഐസക്ക്, കോതമംഗലം – ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എന്നിങ്ങനെയാണ്. തദ്ദേശ സ്വയംഭരണ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.