കേരളത്തിൽ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്ന് ഇന്നും നാളെയും അറിയാം..

വളരെ കരുതലോടെ രാജ്യം ഒറ്റകെട്ടായി കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ, നിരോധനാജ്ഞ തുടങ്ങി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.

കേരളത്തെ സംബന്ധിച്ച് ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ് കൊവിഡ്-19. ഇതുവരെ പ്രൈമറി കോണ്ടാക്ടിലുള്ളവർക്ക് മാത്രമാണ് അസുഖം രേഖപ്പെടുത്തിയത്. എന്നാൽ സാമൂഹിക വ്യാപനനത്തിലേക്ക് കടന്നാൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരും എന്ന സത്യം എല്ലാവരും ഉൾക്കൊണ്ട് കഴിഞ്ഞു. പക്ഷെ ദിനം പ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനം ഉണ്ടായോ എന്നത് ഇന്നും നാളെയുമായുള്ള റിസൾട്ടുകളിൽ അറിയാം.

കാസർകോടിനെ സംബന്ധിച്ച് ഈ രണ്ടു ദിനങ്ങൾ നിർണായകമാണ്. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ 77 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പ്രൈമറി കോണ്ടാക്ടിൽ രോഗം ബാധിച്ച ആളുമായി ബന്ധപ്പെട്ടവരുടെ ഫലമാണ് വരാനുള്ളത്. ഇതിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെന്ന് ഉറപ്പാക്കും.

കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതാണ് കാസർകോട് ജില്ലയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന കാര്യം. 44 പേരാണ് ഇതിനോടകം അവിടെ രോഗ ബാധിതരായിരിക്കുന്നത്. നിയന്ത്രണങ്ങൾ ആളുകൾ പാലിക്കാത്ത സ്ഥിതി കൂടി ആയതിനാൽ കടുത്ത നടപടികളിലേക്കാണ് കാസർകോട് പോകുന്നത്.