കൊവിഡ് വൈറസിന്റെ രൂപം ഇതാണ്- വൈറസിന്റെ ആദ്യ ഇലക്ട്രോണിക് മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു

കൊവിഡ്-19 വൈറസിന്റെ ആദ്യ ഇലക്ട്രോണിക് മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു. ഇന്ത്യൻ ജേർണൽ ഓഫ് റിസേർച്ചിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂനെയിലെ ഐ സി എം ആർ എൻ ഐ വിയിലെ ശാസ്ത്രജ്ഞരാണ് ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ് ഉപയോഗിച്ച് വൈറസിന്റെ ചിത്രം പകർത്തിയത്.

ഇലക്ട്രോണ്‍ മൈക്രോസ്‌കോപി വിഭാഗം തലവന്‍ അതാനു ബസുവും സംഘവുമാണ് വൈറസ് ഘടന അനുബന്ധിച്ച പ്രബന്ധം തയ്യാറാക്കിയത്.

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ തൊണ്ടയിലെ സ്രവം പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.

ഈ സാമ്പിളുകൾ ഉപയോഗിച്ചാണ് കൊവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിന്റെ ജീന്‍ സീക്വന്‍സിങ്ങ് നടത്തിയത്. കൊറോണ വൈറസിന്റെ രൂപത്തോട് വളരെയധികം സാമ്യം ഈ വൈറസിന് ഉണ്ട്. വുഹാനിലെ വൈറസുമായി 99.8 ശതമാനം ചേർച്ചയും ഈ വൈറസ് ഘടനയ്ക്ക് ഉണ്ട്.