‘ഞങ്ങളുടെയൊക്കെ ആത്മാർത്ഥമായുള്ള സേവനങ്ങളെ തള്ളിക്കൊണ്ടുള്ള ചിലരുടെ അലംഭാവം തീർത്തും നിരാശയുണ്ടാക്കുന്നു’- ആരോഗ്യ പ്രവർത്തകന്റെ കുറിപ്പ്

എത്ര വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും ചില മലയാളികളുടെ പെരുമാറ്റം വളരെ അസഹനീയമാണ്. പ്രത്യേകിച്ച് കൊറോണ ശക്തമാകുന്ന സാഹചര്യത്തിൽ. പൊതുജനങ്ങൾക്കും ആരോഗ്യ വകുപ്പിനുമെല്ലാം ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ഇങ്ങനെയുള്ളവർ. വീടിനുള്ളിൽ കഴിയണമെന്ന നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങുന്ന ഇവരോട് ഉള്ളുതൊട്ട് ചില കാര്യങ്ങൾ പറയുകയാണ് ഒരു ആരോഗ്യ പ്രവർത്തകൻ.

കുടുംബത്തിലെ കൂടുതൽ ആളുകളും ആരോഗ്യ വകുപ്പിൽ ജോലി നോക്കുകയാണ്. പ്രായമായവരും, ഗർഭിണിയുമടക്കം കരുതൽ വേണ്ടവരുമുണ്ട്. എന്നാൽ പുറത്തിറങ്ങി നടക്കുന്നവരുടെ അലംഭാവം കാരണം വളരെയധികം ബുദ്ധിമുട്ടുകയാണെന്നു തുറന്നു പറയുകയാണ് വിവേക് ഹരിദാസ് എന്ന ആരോഗ്യ പ്രവർത്തകൻ.

വിവേക് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഒരു വീട്ടിലെ 3 പേർ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ. അതിൽ അമ്മയും ഞാനും തൃശൂർ ഡി എം ഓ ഓഫീസിൽ യഥാക്രമം ക്ലാർക്കും ഫാർമസിസ്റ്റും. ഭാര്യ പാറളം എഫ് എച്ച് സിയിൽ ഫാർമസിസ്റ്റ് . കൂടാതെ 7 മാസം ഗർഭിണി. 3 പേരും ലീവും ഓഫും എടുക്കാതെ 2 ആഴ്ചയിലേറെയായി ജോലി ചെയ്യുന്നു. വീട്ടിലും വളരെ അധികം രോഗ സാധ്യതയുള്ള 3 പേർ. അച്ഛൻ കീമോ പേഷ്യൻ്റ്, മകൻ 3 വയസ്സ്, അമ്മൂമ്മ 93 വയസ്സ്. ആയതിനാൽ ഏറ്റവും കരുതലോടെയുള്ള ശുചിത്വവും മുൻകരുതലുകളും വീട്ടിൽ നിന്നു തന്നെ തുടങ്ങുന്നു. ഞങ്ങളെ പോലുള്ള വിവിധ വകുപ്പുകളിലുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായുള്ള സേവനങ്ങളെ തൃണവൽക്കരിച്ചുകൊണ്ട് ഗവൺമെൻറ് അനുശാസനങ്ങളെ തള്ളിക്കൊണ്ടുള്ള ചിലരുടെ അലംഭാവം തീർത്തും നിരാശയുണ്ടാക്കുന്നു.