ജോഗിങ് ഒക്കെ കുറച്ചുനാൾ വീട്ടിൽ തന്നെ മതി; വണ്ടർ ഗേൾ സാറ പറയുന്നത് കേൾക്കൂ..

ആശങ്ക നിറഞ്ഞ സാഹചര്യത്തിൽ കരുതലിനാണ് കൂടുതൽ പ്രാധാന്യം. ദിനംപ്രതി അസുഖ ബാധിതരുടെ എണ്ണം വർധിക്കുന്ന അവസ്ഥയിൽ ഓരോ വ്യക്തിയും സ്വയം സംരക്ഷിക്കാനും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പത്രക്കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും കരുതൽ പകരാൻ സന്നദ്ധ സംഘടനകളും മറ്റും രംഗത്തുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ആളുകൾക്കിടയിലും ചർച്ചയാകുന്നത് ഫെഫ്ക ഒരുക്കുന്ന ഹ്രസ്വ ചിത്രങ്ങളാണ്. കൊറോണ വ്യാപനം ചെറുക്കാനായി വീടിനുള്ളിൽ കഴിയേണ്ടതിന്റെ ആവശ്യകതയാണ് ഫെഫ്ക വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്.

ഇത്തരത്തിലുള്ള ഒൻപത് വീഡിയോകളാണ് ഫെഫ്ക തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോൾ ആറാമത്തെ വീഡിയോയും എത്തിയിരിക്കുകയാണ്. രജിഷ വിജയനും കുഞ്ചനും ആണ് ഈ വീഡിയോയിലെ പ്രധാന താരങ്ങൾ. വണ്ടർ ഗേൾ സാറ എന്ന വീഡിയോ പങ്കുവയ്ക്കുന്നത് കൂട്ടുകൂടിയുള്ള നടപ്പൊന്നും ഇപ്പോൾ വേണ്ട എന്നും നടക്കണമെന്ന് നിർബന്ധമുള്ളവർ വീട്ടിൽ തന്നെ അതിനുള്ള അവസരം കണ്ടെത്തണമെന്നുമാണ്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി മിക്ക താരങ്ങളും ഈ വീഡിയോകളിൽ പങ്കാളികളായിട്ടുണ്ട്. ഫെഫ്കയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിടുന്നത്.