‘കൊവിഡ്-19 വ്യാപനം അറിയാൻ മൂന്നാഴ്ച വേണ്ടിവരും; വരുന്ന ഒരാഴ്ച നിർണായകം’- ആരോഗ്യ മന്ത്രി

കൊവിഡ്-19 വളരെയധികം ആശങ്കയുണർത്തി വ്യാപിക്കുകയാണ്. എന്നാൽ കേരളത്തിൽ ചികിത്സയിലൂടെ ഭേദമായവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമേകുന്ന കാര്യമാണ്. എങ്കിലും വരുന്ന ഒരാഴ്ച വളരെ നിർണായകമാണെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19 വ്യാപനം അറിയാൻ മൂന്നാഴ്ച വേണ്ടിവരുമെന്നും അതുകൊണ്ടു തന്നെ വരുന്ന ഒരാഴ്ച വളരെ നിർണായകമാണെന്നും ആരോഗ്യ മന്ത്രി പറയുന്നു. മാത്രമല്ല ഇതുവരെ സാമൂഹിക വ്യാപനം സംഭവിച്ചിട്ടുമില്ല.

അതേസമയം, വിദേശത്ത് നിന്നും എത്തുന്നവരിൽ പലരും ക്വാറന്‍റൈനിൽ കഴിയാൻ തയ്യാറാകുന്നില്ല. ഇവർക്കെതിരെ കർശനമായ നടപടി ഉണ്ടാകും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചത് ഗൾഫിൽ നിന്നും ആളുകൾ എത്തിയതോടെയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നു.

കേരളത്തിന്റെ ചികിത്സ നടപടികളുടെ മാതൃക കേന്ദ്രം ഉൾപ്പെടെ ആരാഞ്ഞിരുന്നുവെന്നും മന്ത്രി പറയുന്നു. കേരളത്തിൽ ദിവസേന കൊവിഡ്-19 പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ആരോഗ്യ രംഗം കാര്യക്ഷമമായതുകൊണ്ട് തന്നെ അതിജീവനവും സാധ്യമാണ്.

പക്ഷെ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പുറത്തിറങ്ങി നടക്കുന്നവരുടെയും കൂട്ടം കൂടുന്നവരുടെയും കാര്യത്തിൽ കർശന നടപടി കൈക്കൊള്ളുമെന്നാണ് ആരോഗ്യ മന്ത്രി അറിയിക്കുന്നത്.