‘ഹെലൻ’ ഇനി കന്നഡ പറയും

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ നായികയായി എത്തിയ ചിത്രമാണ് ‘ഹെലൻ’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കന്നഡ റീമേക്കിന് ഒരുങ്ങുന്നു. എം അരുൺകുമാർ, സാബു അലോഷ്യസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. കന്നഡ നടി ലാസ്യ നാഗരാജ് ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

കന്നഡ സംവിധായകൻ ലോഹിത് ഫ്രൈഡേ ഫിലിംസുമായി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷ്ണലിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ഹെലൻ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. മാത്തുക്കുട്ടിക്കൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.