വീട്ടിലിരുന്നുള്ള ജോലിക്ക് ഇന്റര്‍നെറ്റ് വേഗത വില്ലനാകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് കേരളം. ഇതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണവും ചെറുതല്ല. എന്നാല്‍ ഇടയ്‌ക്കെല്ലാം ഇന്റര്‍നെറ്റിന്‍റെ വേഗത്തില്‍ കാര്യമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്താണെന്നും ഈ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നും അറിഞ്ഞിരിക്കാം.

കംപ്യൂട്ടര്‍ ബ്രൗസറുകളില്‍ ഒരേസമയം നിരവധി ടാബുകള്‍ തുറന്നിടുകയും ഓരോ ടാബിലും വലിയ ഡേറ്റ ആവശ്യമായി വരികയും ചെയ്താല്‍ സ്വാഭാവികമായും ഇന്റര്‍നെറ്റിന്റെ വേഗത കുറയും. ഒരു നെറ്റ്വര്‍ക്കിന്റെ കീഴില്‍ ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, വര്‍ക്ക് എന്നിങ്ങനെയുള്ള വിവധ കാര്യങ്ങള്‍ ഒരേ സമയം ചെയ്താലും ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറയുന്നു. നെറ്റ്വര്‍ക്കുകളില്‍ ആളുകളുടെ തിരക്ക് അനുഭവപ്പെടുമ്പോഴും ഇന്റര്‍നെറ്റിന്റെ വേഗതയില്‍ തടസം അനുഭവപ്പെടാറുണ്ട്.

നാം ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ ഇന്റര്‍നെറ്റിന്റെ വേഗത പരിശോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. സ്പീഡ് ടെസ്റ്റ് വെബ്‌സൈറ്റ് ഉപയോഗിച്ച് കംപ്യൂട്ടറിലെ ഇന്റര്‍നെറ്റിന്റെ വേഗത അറിയാം. ഊക്ലായുടെ സ്പീഡ് ടെസ്റ്റ് ആണ് ഇതില്‍ ഏറെ ജനകീയമായ ഒന്ന്. സ്പീഡ് ടെസ്റ്റ് ആന്‍ഡ്രോയ്ഡ് ആപ്പും ഐഒഎസ് ആപ്പും ലഭ്യമാണ്. ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി.

ഒരു പരിധിവരെ ഇന്റര്‍നെറ്റ് വേഗതയിലെ തടസ്സം പരിഹരിക്കാന്‍ നമുക്കുതന്നെ സാധിക്കും. ഫോണില്‍ ഫ്‌ളൈറ്റ് മോഡ് ഓഫാക്കി വീണ്ടും ഓണ്‍ ചെയ്യുന്നതു ഗുണം ചെയ്‌തേക്കും. ഇന്റര്‍നെറ്റ് വേഗത്തില്‍ തടസ്സം നേരിടുമ്പോള്‍ റൂട്ടര്‍ റീബുട്ട് ചെയ്യുന്നതും വേഗത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒരേസമയം ബ്രൗസറില്‍ തുറന്നിടുന്ന ടാബുകളുടെ എണ്ണം കുറയ്ക്കുന്നതും നല്ലതാണ്.