‘ഇനി ചാർജർ വേണ്ട, ഫോൺ കയ്യിൽ പിടിച്ചാൽ മതി’; ശരീരതാപം വൈദ്യുതിയാക്കാമെന്ന് ഗവേഷകർ!

February 14, 2024

സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും എന്നും നമ്മെ അതിശയിപ്പിച്ചിട്ടേ ഉള്ളു. മനുഷ്യ ബുദ്ധിയും കൂർമതയും എത്ര കാതങ്ങൾ സഞ്ചരിച്ചെന്ന് മനസിലാകുന്നതും ഇത്തരം കണ്ടുപിടുത്തങ്ങൾ നമുക്ക് മുന്നിലെത്തുമ്പോഴാണ്. ഒന്നാലോചിച്ചാൽ, രണ്ട് കൊല്ലങ്ങൾ മുൻപ് അസാധ്യം എന്ന് തോന്നിയ പലതും ഇന്ന് നിഷ്പ്രയാസം നമുക്ക് സാധ്യമാകും. അതാണ് സാങ്കേതിക വിദ്യയുടെ കരുത്തും. അത്തരത്തിലൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. (New Technology to charge devices using body temperature)

കണ്ടുപിടുത്തമാകട്ടെ, വളരെ ലളിതമാണ്. ശരീരത്തിലെ താപം വൈദ്യുതിയാക്കി മാറ്റുന്ന ടെക്‌നോളജിയാണ് ഈ കണ്ടുപിടുത്തത്തിന് അടിസ്ഥാനം. പുനരുപയോഗം ചെയ്യാവുന്ന ഈ ഊർജ്ജ ശ്രോതസ്സിന് വിവിധ തരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ടാകും എന്നത് ശ്രദ്ധേയമാണ്.

ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ പദാർത്ഥത്തെ കുറിച്ചുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ജൂണിൽ ഗവേഷകര്‍ നൽകിയിരുന്നു. എന്നാൽ ഇപ്പോഴാണ് കൂടുതൽ വിവരങ്ങൾ ജർമ്മൻ ശാസ്ത്ര ജേണലായ Angewandte Chemie ൽ പ്രസിദ്ധീകരിച്ചത്.

Read also: അപ്‌ഡേഷന് പിന്നാലെ ഫോൺ പ്രവർത്തനരഹിതം; കമ്പനിയിൽ നിന്നും നഷ്ടപരിഹാരം നേടിയെടുത്ത് 20-കാരൻ

ഐഐടി മാണ്ഡിയിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ അജയ് സോണിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. തെർമോ ഇലക്ട്രിക് ജനറേറ്റർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹം കഴിഞ്ഞ ആഴ്ച എക്‌സിൽ പങ്കുവെച്ചിരുന്നു.

പഠനമനുസരിച്ച്, മനുഷ്യ സ്പർശനത്തിലൂടെ മാത്രമേ ഉപകരണം ചാർജ് ചെയ്യാൻ ആരംഭിക്കൂ. മാത്രമല്ല, ഏത് ഇലക്ട്രോണിക് ഉപകരണവും ഇത് വഴി ചാർജ് ചെയ്യാൻ സാധിക്കും. മനുഷ്യ സ്പർശനത്തോടെ ചാർജിങ്ങിന് ആവശ്യമായ വോൾട്ടേജിൽ ഉപകരണം വൈദ്യതി ഉൽപ്പാദിക്കുന്നുണ്ടെന്ന് തെളിഞ്ഞു.

കുറഞ്ഞ വൈദ്യുതിയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് ഇനിയൊരു പ്രശ്‌നമല്ലെന്നും മനുഷ്യ ശരീരത്തിൻ്റെ ചൂട് കൊണ്ട് ഇത് സാധ്യമാകുമെന്നും കണ്ടെത്തലിനെക്കുറിച്ച് ഡോ. സോണി പറഞ്ഞു.

Story highlights: New Technology to charge devices using body temperature