ജനതാ കര്‍ഫ്യൂ; സംസ്ഥാനത്ത് മെട്രോയും കെഎസ്ആര്‍ടിസിയും ഓടില്ല; മദ്യശാലകളും അടയ്ക്കും

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ പിന്തുണയറിയിച്ച് കേരളവും. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സംസ്ഥാനത്ത് പൊതുഗതാഗതങ്ങള്‍ നിശ്ചലമായിരിക്കും. കെഎസ്ആര്‍ടിസിയും മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബീവറേജസ് ഔട്ടലെറ്റുകളും അടയ്ക്കും. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ച്ച് 22 ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജനതാ കര്‍ഫ്യൂവില്‍ തുടരണം. ആ സമയത്ത് ആരും വീടിന് പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

ആരും നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വയം നടപ്പിലാക്കേണ്ട ഒന്നാണ് ജനതാ കര്‍ഫ്യൂ എന്നത്. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് മാര്‍ച്ച് 22 ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പൗരന്മാര്‍ കര്‍ഫ്യൂ പാലിക്കണം. ഈ സമയത്ത് അത്യാവശ്യ ഘട്ടത്തിലല്ലാതെ ആരും വീടിന് പുറത്ത് ഇറങ്ങരത്. റോഡിലും ഇറങ്ങരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. ജനങ്ങള്‍ നടപ്പിലാക്കുന്നതിനാലാണ് ഇത് ജനതാ കര്‍ഫ്യൂ(ജനകീയ കര്‍ഫ്യൂ) എന്ന് അറിയപ്പെടുന്നത്.

Read more: എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യൂ’; അറിയാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന്…

കര്‍ഫ്യൂ പാലിക്കുന്നതിനോട് അനുബന്ധിച്ച് മറ്റ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അവശ്യ സര്‍വീസുകള്‍ മാത്രമാണ് കര്‍ഫ്യൂ പാലിക്കുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്. 65 വയസ്സിന് മുകളിലുള്ളവരെയും പത്ത് വയസ്സിന് താഴെയുള്ളവരെയും നിര്‍ബന്ധമായും വീടിന് പുറത്തിറക്കാതെ ഉള്ളില്‍ കഴിയാന്‍ അനുവദിക്കുക. ഇവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പരമാവധി ആളുകള്‍ വീടിനുള്ളില്‍ തന്നെയിരുന്ന് ജോലി ചെയ്യുക. മറ്റ് രോഗങ്ങളുള്ളവര്‍ അവശ്യഘട്ടത്തില്‍ മാത്രം ആശുപത്രികളില്‍ പോകുക. അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ മാറ്റി വയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.