“ഉങ്കള്‍ക്ക് നാന്‍ ഒരു വാട്ടി സൊന്നാ കൂടി പുരിയാതാ…”; ലോക്ക് ഡൗണ്‍ കാലത്ത് ശ്രദ്ധനേടി കലിപ്പന്‍ ഭാവത്തില്‍ കുരുന്നിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

March 27, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍. സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏകമാര്‍ഗ്ഗം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളോട് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നല്ലൊരു വിഭാഗം ആളുകള്‍ ലോക്ക് ഡൗണിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇതിന് തയാറാവുന്നില്ല എന്നതാണ് വാസ്തവം. കള്ളങ്ങള്‍ പറഞ്ഞ് പുറത്തിറങ്ങുന്നവരുടെ എണ്ണം ചെറുതല്ല. ഇത്തരക്കാരോട് മാനസ്വി എന്ന കൊച്ചുമിടുക്കിയ്ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.

മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് മാനസ്വി. തമിഴിലാണ് സംസാരം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട് ഈ മിടുക്കി. എത്ര പറഞ്ഞാലും നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ലേ എന്ന കലിപ്പ് ഭാവത്തിലാണ് പറയുന്നതൊക്കെയും. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ബോധവല്‍ക്കരണം. നിരവധിപ്പേര്‍ മാനസ്വിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 10 സ്ഥിരീകരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. കേരളത്തില്‍ 126 കൊവിഡ് 19 ന് ചികിത്സയിലുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുയാണ് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍.