‘ക്യാമറാമാൻ സണ്ണിയോടൊപ്പം നകുലേട്ടന്റെ ഗംഗ’; ശ്രദ്ധനേടി ഒരു പഴയകാല ചിത്രം

എത്ര കണ്ടാലും മതിവരാത്ത ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മലയാളികളുടെ എന്നത്തേയും ഇഷ്ടചിത്രം.. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയേയുമൊന്നും മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല.  മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന നർമ്മവും ഭയവും നിറച്ച ഒരുപാട് സീനുകൾ, അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഇപ്പോഴും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു അപൂർവ്വ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സണ്ണിയും നാഗവല്ലിയും തമ്മിൽ സംസാരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.

ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 25-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു.