ഇന്റർനെറ്റ് ഉപയോഗം വർധിച്ചു; യൂറോപ്പിൽ സ്ട്രീമിങ്ങിന്റെ ദൃശ്യനിലവാരം കുറച്ച് നെറ്റ്ഫ്ലിക്സ്

March 22, 2020

ആളുകൾ ഹോം ക്വാറന്റൈനിൽ കഴിയുന്നത് വർധിച്ചതോടെ ഇന്റർനെറ്റ് ഉപയോഗത്തിലും വലിയ തോതിൽ വർദ്ധനവ് സംഭവിച്ചിരിക്കുകയാണ്. ജോലി ചെയ്യാനോ പുറത്തിറങ്ങാനോ സാധിക്കാതെ ഇരിക്കുമ്പോൾ ഇന്റർനെറ്റ് ആണ് എല്ലാവർക്കും ആശ്രയം. ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ യൂറോപ്പിലാകമാനം സ്ട്രീമിങ്ങിന്റെ ദൃശ്യനിലവാരം വെട്ടിക്കുറച്ചിരിക്കുകയാണ് നെറ്ഫ്ലിക്സ്. യൂറോപ്യൻ യൂണിയനാണ് ഇത്തരത്തിൽ നിർദേശം നൽകിയത്.

ഇതുവരെ ഹൈ ഡെഫിനിഷനിൽ ആയിരുന്ന സ്ട്രീമിംങ് സ്റ്റാൻഡേർഡ് ക്വാളിറ്റിയിലേക്ക് മാറ്റി. ഇതിലൂടെ ഇന്റർനെറ്റ് ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുപ്പത് ദിവസത്തേക്കാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എറിയ പങ്ക് ആളുകളും വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്റർനെറ്റ് വേഗത കാര്യക്ഷമമാകേണ്ട ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനത്തിലെത്തിയത്.