നയൻതാരയുടെ ജീവിതവും വിവാഹവും; ഡോക്യുമെന്ററി ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

September 24, 2022

ഇന്ത്യൻ സിനിമ ലോകം ആഘോഷിച്ച താര വിവാഹമായിരുന്നു തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ നയൻതാരയുടെ വിവാഹവും ജീവിതവും ആസ്‌പദമാക്കി ഒരുക്കിയ ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. പ്രശസ്‌ത സംവിധായകൻ ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത, തന്റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് നയൻ‌താര. അതിനാൽ തന്നെ താരത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.

നയൻ താരയുടെ വിവാഹ വിഡിയോ മാത്രമല്ല, മറിച്ച് താരത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യൂമെന്ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോകുമെന്ററി ആയിരിക്കുമെന്നും സംവിധായകൻ ഗൗതം മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Read More: ഈ വിലയേറിയ ഒരുമിക്കലിന് സാക്ഷ്യം വഹിച്ചതിൽ വളരെ നന്ദിയുണ്ട്; നയൻ- വിക്കി വിവാഹ ചിത്രവുമായി റീബ മോണിക്ക

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു താരവിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ്, സൂര്യ, മണി രത്‌നം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Story Highlights: Nayanthara documentary film official teaser released