അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സിവില്‍സപ്ലൈസ് വകുപ്പിനെ വിവരമറിയിക്കാം- നമ്പറുകള്‍ ഇതാ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില കടകള്‍ പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കി. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പച്ചക്കറികള്‍ക്കും മറ്റും അമിത വില ഈടാക്കി അവസരം മുതലെടുക്കരുതെന്നു നേരത്തെ തന്നെ സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. സാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതും സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ സിവില്‍സപ്ലൈസ് വകുപ്പിനെ വിവരമറിയിക്കാന്‍ മടിക്കേണ്ട. വിവിധ ജില്ലകളിലെ ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം- 188 5273 15
കൊല്ലം-188 5273 16
പത്തനംതിട്ട-9188 5273 17
ആലപ്പുഴ-9188 5273 18
കോട്ടയം-9188 5273 19
ഇടുക്കി-9188 5273 20
എറണാകുളം-9188 5273 21
തൃശൂര്‍-9188 5273 22
പാലക്കാട്-9188 5273 23
മലപ്പുറം-9188 5273 24
കോഴിക്കോട്-9188 5273 25
വയനാട്-9188 5273 26
കണ്ണൂര്‍-9188 5273 27
കാസര്‍ഗോഡ്- 9188 5273 28

സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മീന്‍, ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ എഴ് മണി മുതല്‍ അഞ്ച് മണി വരെയായിരിക്കും തുറക്കുക. കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള കടകള്‍ സംസ്ഥാനത്ത് തുറക്കില്ല. അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമായിരിക്കും സംസ്ഥാനത്ത് തുറക്കുക.