കൊവിഡ്-19; പണം കൈമാറുമ്പോൾ കരുതൽ വേണം

വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് വൈറസ് ബാധ കൈമാറ്റം ചെയ്യപ്പെടാൻ വിവിധ മാർഗങ്ങളുണ്ട്. അതിലൊന്നാണ് കറൻസി നോട്ടുകൾ കൈമാറ്റം ചെയ്യുന്നത്. കൊറോണ വൈറസ് എത്ര നേരം നോട്ടുകളിൽ തങ്ങി നിൽക്കുമെന്ന് പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും ഇത് സാധ്യതയുള്ള മാർഗം തന്നെയാണെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പണം കൈമാറ്റം ചെയ്യുന്നതിൽ കൂടുതൽ കരുതൽ വേണം. പൊതുജനങ്ങൾക്ക് ഓൺലൈൻ പണമിടപാടിന്റെ നല്ല വശങ്ങൾ വ്യക്തമാക്കി ബോധവൽക്കരിക്കാൻ ബാങ്കുകൾക്ക് ധനവകുപ്പ് നിർദേശം നൽകിയിട്ടുമുണ്ട്. നോട്ടുകൾ രോഗവാഹികളായി പ്രവർത്തിക്കാമെന്ന സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതീവ ജാഗ്രതയോടെ നോട്ടുകൾ കൈമാറാൻ ശ്രദ്ധിക്കണം. കൈകൾ അണുവിമുക്തമാക്കാനും നോട്ടുകൾ സ്വീകരിക്കേണ്ടി വന്നാൽ കൈകൾ വൃത്തിയാക്കാതെ മുഖത്തോ മറ്റു ഭാഗങ്ങളിലോ സ്പർശിക്കാതെ നോക്കുകയും ചെയ്യണം.

എന്നാൽ പൂർണമായും നോട്ടുകൾ വർജ്ജിക്കേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. എ ടി എം സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ അണുനാശിനി പകർന്ന ടിഷ്യു പേപ്പർ ഉപയോഗിച്ച് സ്ക്രീനും ടച്ച് ചെയ്യുന്ന ഭാഗങ്ങളും തുടയ്ക്കാൻ ശ്രമിക്കണം. അതുപോലെ ക്യാഷ് കൗണ്ടറുകളിൽ ഇരിക്കുന്നവർ കൈകളിൽ ഗ്ലൗസ് ഉപയോഗിക്കാനും ശ്രദ്ധിക്കണം.