“അന്നത്തേക്കാളും 30 കിലോ കുറഞ്ഞു, ഈ ദിവസം മരണം വരെയും സ്‌പെഷ്യല്‍”; ലൂസിഫര്‍ ഓര്‍മ്മകളില്‍ പൃഥ്വിരാജ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഏറ്റവും ഉചിതം. റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പൃഥ്വിരാജ്. 2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ വാര്‍ഷികദിനത്തില്‍ മനോഹരമായ ഓര്‍മ്മക്കുറിപ്പാണ് താരം പങ്കുവെച്ചത്. ഒപ്പം നിന്നവരെയും നിലവില്‍ ലോകം നേരിടുന്ന കൊവിഡ് ഭീതിയെയും പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

”കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. മൂന്നു മാസം നീണ്ട വിശ്രമമില്ലാത്ത പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ അവസാനമായിരുന്നു അത്. എന്റെ ഛായാഗ്രഹകന്‍, ഡയറക്ടോറിയല്‍, എഡിറ്റ്, സൗണ്ട്, വിഷ്വല്‍ ഇഫക്ട്‌സ് ടീമുകളുടെ സഹായം ഇല്ലയിരുന്നുവെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ഇപ്പുറം ലോകം എത്ര മാറിപ്പോയി, അന്നത്തേക്കാളും 30 കിലോ ഭാരം കുറഞ്ഞിരിക്കുന്നു എനിക്ക്. ഏറെ വെല്ലുവിളികളുടെ കാലമാണ് ഇത്. ഈ സമയത്ത് പ്രചോദനം നല്‍കുന്ന ഓര്‍മ്മകള്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.” പൃഥ്വിരാജ് കുറിച്ചു.

”സിനിമയില്‍ ദീര്‍ഘമായ യാത്രയാണ് എന്റേത്. പക്ഷെ 2019 മാര്‍ച്ച് 28 എന്റെ മരണം വരെ സ്‌പെഷ്യല്‍ ആയിരിക്കും” എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം ‘ആടുജീവിതം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോര്‍ദ്ദാനിലാണ്. ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.