’18 വയസിൽ ഞാൻ ഒരു കണ്ടക്ടർ, ഇന്നെനിക്ക് 70 വയസ്’- രജനികാന്തിന്റെ പ്രായം കേട്ട് അമ്പരന്ന് ബെയർ ഗ്രിൽസ്

ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ രജനികാന്തിനെ വെല്ലാൻ ആരുമില്ല. കാരണം എഴുപതാം വയസിലും അദ്ദേഹം ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കും ഉത്സാഹവും പ്രകടിപ്പിക്കാറുണ്ട്. ഡിസ്കവറി ചാനൽ പരിപാടിയായ ‘മാൻ വേഴ്‌സസ് വൈൽഡ്’ എന്ന ഷോയിൽ ബെയർ ഗ്രിൽസ് അമ്പരന്നതും രജനികാന്തിന്റെ പ്രായത്തിലാണ്.

മാൻ വേഴ്‌സസ് വൈൽഡിന്റെ പുതിയ പ്രൊമോയിൽ ആണ് രജനികാന്തിന്റെ പ്രായത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ബെയർ ഗ്രിൽസ് ചോദിക്കുന്നത്. പതിനെട്ട് വയസൊക്കെ ഉള്ളപ്പോൾ താങ്കൾ എന്തുചെയ്യുകയായിരുന്നു എന്നാണ് ബെയർ രജനിയോട് ചോദിച്ചത്.

‘അന്ന് താൻ ബെംഗളൂരു ട്രാൻസ്‌പോർട്ട് സർവീസിൽ ഒരു കണ്ടക്ടർ ആയിരുന്നു. ശിവാജി റാവു എന്നായിരുന്നു പേര്. സിനിമയിലെത്തിയപ്പോൾ രജനികാന്ത് എന്ന് മാറ്റിയതാണ് എന്നും അദ്ദേഹം പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമാണ് രജനിയെന്നും വീട്ടിൽ പഴയ ശിവാജി റാവു തന്നെയാണെന്നും രജനി വ്യക്തമാക്കി.

കാടിനുള്ളിൽ ചുറുചുറുക്കോടെ റോപ്പ് ഉപയോഗിച്ചും മറ്റും അതിസാഹസികമായി കയറുന്നതിനിടയിലാണ് ബായാർ രജനിയോട് പ്രായം ചോദിക്കുന്നത്. എഴുപത് എന്ന് രജനി പറയുമ്പോൾ ബെയർ അമ്പരക്കുന്നതും വിഡിയോയിൽ കാണാം. മാർച്ച് 23നാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.കര്‍ണാടക–മൈസൂർ വനത്തിലായിരുന്നു രജനികാന്തുമൊത്തുളള ഗ്രിൽസിന്റെ ചിത്രീകരണം.