തമിഴ്‌നാട്ടിലെ ഐസൊലേഷൻ വാർഡുകളിൽ ഇനി റോബോട്ടിന്റെ സേവനവും

തമിഴ്നാട്ടിലെ കൊറോണ വൈറസ് ബാധിതരെ പരിചരിക്കാൻ ഇനി മുതൽ റോബോട്ട്. ഐസൊലേഷൻ വാർഡിലെ രോഗികൾക്ക് മരുന്ന് എത്തിക്കുന്നതിനാണ് റോബോട്ടുകളെ ഉപയോഗിക്കുക. തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയാണ് ഐസൊലേഷൻ വാർഡിലേക്കായി നാല് റോബോട്ടുകളെ നൽകിയത്.

അതേസമയം റോബോട്ടുകൾ ഉപയോഗയോഗ്യമാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ ആശുപത്രി സേവനത്തിന് ഇവയെ ഉപയോഗിച്ച് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ചൈനയിൽ ആശുപത്രിയിൽ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. അതിന് പിന്നാലെ ഇന്ത്യയിൽ രാജസ്ഥാനിലും കൊവിഡ് രോഗികളെ പരിചരിക്കാൻ റോബോട്ടിനെ ഉപയോഗിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂർ സവായ് മാന്‍സിങ് ആശുപത്രിയിലാണ് കൊറോണ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്‍കാന്‍ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്.

വൈറസ് പകരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്ക് രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ പരമാവധി ഒഴിവാക്കാൻ സാധിക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.