ദേ ഇവനാണ് ട്രംപിനെക്കൊണ്ട് മലയാളത്തില്‍ മാപ്പിളപ്പാട്ട് പാടിപ്പിച്ച മിടുക്കന്‍: വൈറല്‍ വീഡിയോ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് അല്‍പം രസകരമായ ഒരു വീഡിയോ ആണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മലയാളത്തില്‍ മാപ്പിളപ്പാട്ട് പാടുന്നതാണ് ഈ ട്രോള്‍ വീഡിയോ. നിരവധി പേരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകളിലുമെല്ലാം രസകരമായ ഈ ട്രോള്‍ വീഡിയോ ഇടം നേടി. ‘ആമിനതാത്തേടെ പൊന്നുമോളാണ്…’ എന്നു തുടങ്ങുന്ന രസരമായ മാപ്പിളപ്പാട്ടാണ് ഈ ട്രോള്‍ വീഡിയോയില്‍ നിറഞ്ഞു നിന്നത്.

ഡൊണാള്‍ഡ് ട്രംപിന്‍റെ പാട്ട് ആസ്വദിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രോള്‍ വീഡിയോയില്‍ ഇടം നേടി. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തിലെ വീഡിയോയും ഹണീ ബീ 2.5 എന്ന ചിത്രത്തിലെ ആമിനതാത്തേടെ പൊന്നുമോളാണ് എന്ന ഗാനവും ചേര്‍ത്താണ് ഈ ട്രോള്‍ ഒരുക്കിയിരിക്കുന്നത്.

അജ്മല്‍ സാബു എന്ന ചെറുപ്പക്കാരനാണ് ഈ ട്രോള്‍ വീഡിയോയ്ക്ക് പിന്നില്‍. ഇത് ആദ്യമായല്ല ട്രോള്‍ വീഡിയോയിലൂടെ അജ്മല്‍ ശ്രദ്ധ നേടുന്നത്. മുന്‍പും രസകരമായ നിരവധി ട്രോള്‍ വീഡിയോകള്‍ ഈ ചെറുപ്പക്കാരന്‍ ഒരുക്കിയിട്ടുണ്ട്. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നകുലന്‍ എന്ന കഥാപാത്രമാക്കിക്കൊണ്ട് അജ്മല്‍ ഒരുക്കിയ ട്രോള്‍ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.