സൈജു കുറുപ്പ് പാടി; പാട്ട് കേട്ട ഭാര്യ: ‘ഇനി എന്നാ ഷൂട്ട് തുടങ്ങുന്നേ’: വീഡിയോ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടന്‍ സൈജു കുറുപ്പ് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

താരം പാട്ടു പാടുന്നതിന്റെ വീഡിയോ ആണ് ഇത്. ‘പാട്ട് കേട്ട വൈഫ് : ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നേ, ‘ഇവന്‍ സംഗീത മേഖലയ്ക്കും ഒരു ഭീഷണി ആണ്’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു’ എന്നു കുറിച്ചുകൊണ്ട് സൈജു തന്നെയാണ് പാട്ട് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതും. രസകരമായ നിരവധി കമന്റുകളും താരത്തിന്റെ ആലാപനത്തിന് ലഭിയ്ക്കുന്നുണ്ട്.

2005-ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം അരങ്ങേറ്റംകുറിയ്ക്കുന്നത്. ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.

ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറുപ്പിന്റെ കഥാപാത്രം വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.