കൊറോണക്കാലത്തെ കരുതലിനെ ഓര്‍മ്മപ്പെടുത്തിയ മമ്മൂട്ടി ‘വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരന്‍’: കുറിപ്പ്‌

സമൂഹമാധ്യമങ്ങളില്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേരാണ് ആ കുറിപ്പ് ഏറ്റെടുത്തതും. കൊറോണക്കാലത്തെ കരുതലിനെക്കുറിച്ച് താരം കുറിച്ച വാക്കുകള്‍ ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു പ്രേക്ഷകര്‍. ”ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം.” മമ്മൂട്ടി ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചതാണ് ഈ വാക്കുകള്‍.

മറ്റുള്ളവരെയും ചേര്‍ത്തുപിടിക്കാന്‍ ഓര്‍മ്മപ്പെടുത്തിയ മമ്മൂട്ടിയെക്കുറിച്ച് സന്ദീപ് ദാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു.

“കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി. വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം. ദിവസവേതനം കൊണ്ട് ജീവിക്കുന്ന പാവം മനുഷ്യരെക്കുറിച്ച് മമ്മൂട്ടി എഴുതിയിട്ടുണ്ടെങ്കില്‍,അവര്‍ക്കുവേണ്ട സഹായങ്ങളും അദ്ദേഹം ചെയ്തുകഴിഞ്ഞിട്ടുണ്ടാവും. ഒഴിഞ്ഞ പാത്രങ്ങളില്‍ അന്നമെത്തിയിട്ടുണ്ടാവും. കുറച്ചു കുടുംബങ്ങളെങ്കിലും ഇപ്പോള്‍ സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവും.” സന്ദീപ് കുറിച്ചു.