അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ- പത്തനംതിട്ടയിൽ ഉടൻ പ്രഖ്യാപിക്കും

സംസ്ഥാനം പൂർണമായി അടച്ചതിനു പിന്നാലെ ആറു ജില്ലകളിൽ കൂടി കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ കൊവിഡ്-19 ബാധിതർ ഉള്ള സ്ഥലമായതിനാൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണ്. പത്തനംതിട്ട ജില്ലയിൽ ഉടൻ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നു കളക്ടർ അറിയിച്ചു.

ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടും കാസർകോടും ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രിയോടെയാണ് മറ്റു ജില്ലകളിൽ പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ പുലർച്ചെ ഒരുമണിക്കാണ് നിരോധനാജ്ഞ കളക്ടർ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ഒരിടത്ത് അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല.

ജില്ലയിൽ 144 പ്രഖ്യാപിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് നമ്മുടെ എല്ലാവരുടെയും സുരക്ഷയ്ക്കായാണ് എന്ന് എറണാകുളം കളക്ടർ അറിയിച്ചു. ‘വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് അഭ്യർത്ഥിക്കുന്നു. അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്, നിങ്ങൾ ഓരോരുത്തരുടേയും സഹകരണം പ്രതീക്ഷിക്കുന്നു’.

അതേസമയം കേരളത്തില്‍ പുതുതായി 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 19 പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിനാല്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്.