സാമൂഹിക അകലം പാലിച്ചാൽ 62% വരെ രോഗബാധ കുറയ്ക്കാം- ശ്രദ്ധ നേടിയ പഠനം

March 24, 2020

ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാക്സിൻ കണ്ടെത്താനുള്ള കാലതാമസം ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുമുണ്ട്. എന്നാൽ വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആകെയുള്ള മാർഗം സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിക്കുന്നതിലൂടെ 62 ശതമാനം വരെ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. നേരത്തെ തന്നെ ലോകാരോഗ്യ സംഘടന സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.

ഐസിഎംആറിന്റെ പഠനത്തിലും വ്യക്തമായിട്ടുള്ളത് സാമൂഹിക അകലം മാത്രമാണ് പോംവഴി എന്നതാണ്. ആഗോള മഹാമാരിയായി മാറിയിരിക്കുകയാണ് കൊവിഡ്-19. സാമൂഹിക അകലം പാലിച്ച് ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ 62 ശതമാനം വരെ അസുഖബാധിതരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.

ആളുകൾ കൂട്ടമായി എത്തുന്ന മുംബൈ, കൊൽക്കത്ത , ബെംഗളൂരു എന്നിവിടങ്ങളിൽ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പഠനം വ്യക്തമാക്കി. സാമൂഹിക അകലം കൃത്യമായി പാലിക്കാനാണ് ആരോഗ്യ വകുപ്പും നിർദേശിക്കുന്നത്.