‘ആടുതോമ’യുടെ ഓര്‍മ്മയില്‍ ചലച്ചിത്രലോകം; ‘സ്ഫടിക’ത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍റെ കുറിപ്പ്

March 30, 2020

ചാക്കോ മാഷിനെയും ആടുതോമയേയും അറിയാത്ത ചലച്ചിത്ര ആസ്വദകര്‍ ഉണ്ടാവില്ല. പ്രേക്ഷകര്‍ക്കിടയിലേക്ക് ആത്രമേല്‍ ആഴത്തില്‍ വേരൂന്നിയതാണ് ഈ രണ്ട് കഥാപാത്രങ്ങള്‍. സംവിധായകന്‍ ഭദ്രന്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. രജതജൂബിലി നിറവിലാണ് ചിത്രം. സ്ഫടികത്തിന്റെ റീറിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആശങ്കകളുടെ നടുവില്‍ ആഘോഷങ്ങളില്ലാതെപോയ രജതജൂബിലി
എന്റെ സ്ഫടികം…!
ഈ ചിത്രത്തെ മഹാസാഗരമാക്കിയ മണ്മറഞ്ഞു പോയ തിലകന്‍ ചേട്ടനെയും, ശങ്കരാടി ചേട്ടനെയും, എന്‍. എഫ്. വര്‍ഗീസുനെയും, കരമന ജനാര്‍ദനനെയും, രാജന്‍ പി. ദേവിനെയും, തെന്നിന്ത്യയുടെ ഹരമായിരുന്ന സില്‍ക്ക് സ്മിതയെയും, ഭാവോജ്വലമായ റിയലിസ്റ്റിക് സിനിമാട്ടോഗ്രഫി തന്ന ജെ. വില്യംസിനെയും, പരിമല ചെരുവിലെ പതിനെട്ടാം പട്ടയെ പനിനീര്‍ കരിക്കാക്കിയ ഭാസ്‌കരന്‍ മാഷിനെയും, കഥയുടെ ആത്മാവ് അളന്ന് കട്ട് ചെയ്ത എം. എസ്. മണിയെയും, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍. എന്‍. ബാലകൃഷ്ണനെയും എല്ലാം, ഈ അവസരത്തില്‍ ഓര്‍ക്കാതിരുന്നാല്‍ അവരുടെ ആത്മാക്കള്‍ എന്നോട് പൊറുക്കില്ല…! ഒപ്പം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച, എല്ലാ സഹപ്രവര്‍ത്തകരെ കൂടി ഓര്‍ക്കുകയാണ് ഇന്ന്…!

അക്ഷരം പഠിക്കാത്ത ഒരു കുട്ടിയുടെ നാവിന്റെ തുമ്പത്തുനിന്ന് വരെ, ഇന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണ് ‘ആടുതോമ’.

‘ചെന്തീയില്‍ ചാലിച്ച ചന്ദനപൊട്ടിന്റെ’ സുഗന്ധവും കുളിരും മലയാളി പ്രേക്ഷകന്റെ ഇടനെഞ്ചില്‍, ഒരു കടലിന്റെ ആഴത്തോളം കൊണ്ടുനടക്കുന്ന വികാരമാണ് ‘ആടുതോമ’, എന്ന് ഞാന്‍ തിരിച്ചറിയുന്നു…

എന്നെ സ്‌നേഹിക്കുന്ന ഒരോ പ്രേക്ഷകനോടും എത്ര നന്ദി പറഞ്ഞാലും തീര്‍ക്കാനാവാത്ത കടപ്പാട് ഉണ്ട് എനിക്ക്… പകരം നിങ്ങള്‍ക്ക് എന്ത് വേണം…?

തുളസി ചോദിച്ച ആ കറുത്ത കണ്ണാടിയെ… നിങ്ങള്‍ എക്കാലവും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അതിന് വേണ്ടി ഞാന്‍ സിനിമയില്‍ ആര്‍ജിച്ചതു മുഴുവന്‍, സ്ഫടികം 4K Dolby Atmos-ന്റെ technical excellence ന് വേണ്ടി സമര്‍പ്പിക്കുന്നു…
ഇതിന് കൈത്താങ്ങായ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ Geometrics Film House-നോടും, ഒപ്പം എന്റെ ആത്മസുഹൃത്തുകൂടിയായ പ്രൊഡ്യൂസര്‍ ആര്‍. മോഹനനോടും, ഞാന്‍ കടപ്പെട്ടിരിക്കുന്നു…

ലോകം മുഴുവനും കൊറോണ വൈറസ് പരത്തികൊണ്ടിരിക്കുന്ന പരിഭ്രാന്തിയും, ആശങ്കയും, കാലാകാലങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട പ്രകൃതിയുടെ ഒരു ‘തിരുത്തലായി’
കണ്ടാല്‍…

പുത്തന്‍ ശലഭങ്ങള്‍ ജന്മമെടുക്കുന്നു… ഇടര്‍ച്ചയില്ലാത്ത ഈണത്തോടെയുള്ള പക്ഷികളുടെ ശബ്ദം കാതുകളെ ഉണര്‍ത്തുന്നു… തെളിനീര്‍ പോലെയുള്ള പുതിയ ആകാശം പിറവി കൊള്ളുന്നു….
നമ്മള്‍ തിരിച്ചറിയണം വരാനിരിക്കുന്ന വന്‍ ‘ വിപത്തു’ തല്കാലം വഴിമാറികൊണ്ടിരിക്കുന്നു എന്ന്…!

സ്ഫടികത്തിന്റെ രണ്ടാം വരവ് – കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിച്ച് തുണിപറിച്ചടിക്കുന്ന ആട്‌തോമയെ ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു വില്‍ക്കുക എന്നതിലുപരി, ആ കറുത്ത കണ്ണടകള്‍ക്കകത്തെ തകര്‍ക്കപ്പെട്ട കണ്ണുകളെ കാണാതെ പോയ മാതാപിതാക്കള്‍ ഇന്നും നമ്മോടൊപ്പം ഉണ്ട്… ഇല്ലേ…?
ആ നിങ്ങളെ തന്നെ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ ഒരവസരം… കാണുക…
തിരിച്ചറിയുക…

‘തല്ലി പഴിപ്പിക്കുകയല്ല തലോടി തളിര്‍പ്പിക്കുക’. ഇന്ന് ലോകത്തിനാവശ്യം റാങ്ക് ഹോള്‍ഡേഴ്‌സിനെ അല്ല, പ്രകൃതിയെയും മനുഷ്യനെയും, സ്‌നേഹിക്കുകയും, അന്യോന്യം ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ്. കഴിയുമെങ്കില്‍, ശാശ്വതമായ ഒരു തിരുത്തല്‍…!