ഏപ്രില്‍ ഫൂള്‍: വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്

നാളെ ഏപ്രില്‍ ഒന്നാണ്. വിഡ്ഢിദിനമെന്ന് വിശേഷിപ്പിക്കുന്ന ദിവസം. ഏപ്രില്‍ ഫൂള്‍ എന്ന് അറിയപ്പെടുന്ന ഈ ദിനത്തില്‍ മറ്റുള്ളവരെ പറ്റിക്കാറുണ്ട് പലരും. എന്നാല്‍ നാളെ മറ്റുള്ളവരെ ഫൂള്‍ ആക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടും.

കൊവിഡ് 19, ലോക്ക് ഡൗണ്‍, കൊറോണ വൈറസ് എന്നിവയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും അത് ഷെയര്‍ ചെയ്യുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
കൊവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

അതേസമയം കേരളത്തില്‍ ഒരാള്‍ക്കൂടി കൊവിഡ് 19 മൂലം മരണപ്പെട്ടു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു പ്രായം.