ഒടുവില്‍ ‘സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍’ പൂച്ചയെ അയച്ച ആളെ കിട്ടി; ശ്രദ്ധ നേടി ഒരു ‘ലോക്ക് ഡൗണ്‍’ കണ്ടെത്തല്‍

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ സമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. അതുകൊണ്ടാണ് ഏപ്രില്‍ 14 വരെ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്.

പുറത്തിറങ്ങാതെ വീട്ടില്‍തന്നെ ഇരിക്കുന്നവര്‍ സമയം ചെലവഴിക്കുന്നത് രസകരമായ പല മാര്‍ഗങ്ങളിലൂടെയുമാണ്. ചിലര്‍ ട്രോള്‍ ഉണ്ടാക്കുമ്പോള്‍ മറ്റ് ചിലര്‍ വീടിന് ചുറ്റുമുള്ള കാഴ്ചകളൊക്കെ ആസ്വദിക്കുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു ലോക്ക് ഡൗണ്‍ കണ്ടെത്തല്‍.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കണ്ടെത്തല്‍. ചിത്രം കണ്ട എല്ലാവരിലും ഒരു സംശയമുണ്ട്, ചിത്രത്തലെ പൂച്ചയെ അയച്ച് ആരാണെന്നുള്ള കാര്യത്തില്‍. ഇപ്പോഴിതാ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ദേവദാസ് എന്ന ചെറുപ്പക്കാരന്‍. വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് യുവാവിന്റെ കണ്ടെത്തല്‍.

ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
സമ്മര്‍ ഇന്‍ ബെത്ലഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓര്‍ക്കുന്നുണ്ടോ ? ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീര്‍ന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടില്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാന്‍ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വെച്ചു എന്റെ ഒരു അനുമാന പ്രകാരം അപര്‍ണ്ണ എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.

ഇനി എങ്ങനെ ആണെന്ന് നോക്കാം. റൂമിലേക്ക് പൂവ് എറിയുന്ന ചിത്രത്തിലെ കൈ ശ്രദ്ധിച്ചോ? അതില്‍ ചുവപ്പ് നൈല്‍ പോളിഷ് ആണ് ഉള്ളത്. എന്നാല്‍ എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാല്‍ മഞ്ജു നൈല്‍ പോളിഷ് ഇട്ടിരുന്നില്ല. അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീന്‍ ഉള്ളത്. അതില്‍ മൂന്ന് പേരാണ് ചുവപ്പ് നൈല്‍ പോളിഷ് ഇട്ടത്. അപര്‍ണ്ണ, ദേവിക, ഗായത്രി. ദേവിക എല്ലായ്‌പ്പോഴും ഫുള്‍ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്, അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി.

പിന്നെ ഉള്ളത് അപര്‍ണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്‌സ് സീനിലേക്ക് പോകാം.. അതില്‍ ട്രെയിനില്‍ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനില്‍ കേറുന്ന സീനില്‍ ഗായത്രിയുടെ കയ്യില്‍ ഒരു ബ്രേസ്ലെട് കാണാം. അപ്പൊള്‍ ഗായത്രിയും ലിസ്റ്റില്‍ നിന്നും പുറത്തായി. അതുകൊണ്ട് പൂച്ചയെ അയച്ചത് അപര്‍ണ്ണ ആവാന്‍ ആണ് സാധ്യത.

‘വെറുതെ ഇരിക്കുന്ന സമയം ആനന്ദകരമാക്കൂ, നമ്മള്‍ അതിജീവിക്കും’ എന്നു കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.