കൊവിഡ്-19 വ്യാപനത്തെ തടയാൻ രാജ്യമിന്ന് ജനതാ കർഫ്യുവിൽ

കൊവിഡ്- 19 വ്യാപനത്തെ ചെറുക്കാന്‍ രാജ്യമിന്ന് ജനതാ
കർഫ്യൂവിൽ. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ രാജ്യമൊട്ടാകെ എല്ലാവരും ജനതാ കർഫ്യൂ ആചരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളും മാധ്യമങ്ങളും അവശ്യ സേവനങ്ങളും ഒഴികെ മറ്റെല്ലാ സേവനങ്ങളും നിശ്ചലമായിരിക്കും. കെഎസ്ആര്‍ടിസിയും മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ ഉണ്ടാവില്ല. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജനതാ കര്‍ഫ്യൂവില്‍ തുടരണം. ആ സമയത്ത് ആരും വീടിന് പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

ആരും നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വയം നടപ്പിലാക്കേണ്ട ഒന്നാണ് ജനതാ കര്‍ഫ്യൂ. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് ഈ സമയത്ത് അത്യാവശ്യ ഘട്ടത്തിലല്ലാതെ ആരും വീടിന് പുറത്ത് ഇറങ്ങരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യണം.

അവശ്യ സര്‍വീസുകള്‍ മാത്രമാണ് കര്‍ഫ്യൂ പാലിക്കുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്. 65 വയസ്സിന് മുകളിലുള്ളവരെയും പത്ത് വയസ്സിന് താഴെയുള്ളവരെയും നിര്‍ബന്ധമായും വീടിന് പുറത്തിറക്കാതെ ഉള്ളില്‍ കഴിയാന്‍ നിർദ്ദേശങ്ങൾ ഉണ്ട്. പരമാവധി ആളുകള്‍ വീടിനുള്ളില്‍ തന്നെയിരുന്ന് ജോലി ചെയ്യുക. മറ്റ് രോഗങ്ങളുള്ളവര്‍ അവശ്യഘട്ടത്തില്‍ മാത്രം ആശുപത്രികളില്‍ പോകുക. അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ മാറ്റി വയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

അതേസമയം സംസ്ഥാനം പൂർണമായും ജനതാ കർഫ്യു ആചരിക്കുകയാണ്.