ലോകത്ത് കൊവിഡ് മരണം 27000 കടന്നു; യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. കൊവിഡ് 19 രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 27000 കടന്നു. അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1604 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളതും അമേരിക്കയിലാണ്.

9134 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 മൂലം മരണപ്പെട്ടത്. സ്‌പെയിനിലും മരണനിരക്ക് 5000 കടന്നു. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 800 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നുണ്ട്.