സിനിമയ്ക്കും പറയാനുണ്ട് ചില ആരോഗ്യകാര്യങ്ങള്‍; ലോകാരോഗ്യ സംഘടനയുടെ ചലച്ചിത്രോത്സവത്തിലേയ്ക്ക് ആയിരത്തിലധികം എന്‍ട്രികള്‍

ഒരു വിനോദ മാധ്യമം എന്നതിനുമപ്പുറം ഓട്ടേറെ പറയാനുണ്ട് ഓരോ സിനിമകള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമൊക്കെ. പൊതുജന ആരോഗ്യത്തെക്കുറിച്ചുള്ള സിനിമകള്‍ക്ക് ഒരുപക്ഷെ സമൂഹത്തോട് മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിച്ചേക്കാം. ഇതു മുന്നില്‍ക്കണ്ടുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന പേരില്‍ ചലച്ചിത്രോത്സവം നടത്താന്‍ തീരുമാനിച്ചതും.

മികച്ച പിന്തുണയാണ് ലോകാരോഗ്യ സംഘടനയുടെ ഈ ആശയത്തിന് ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെങ്കിലും ആയിരത്തിലധികം എന്‍ട്രികള്‍ ലഭിച്ചു. അതായത് കൃത്യമായി പറഞ്ഞാല്‍ 119 രാജ്യങ്ങളില്‍ നിന്നുമായി 1265 എന്‍ട്രികള്‍.

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സിനിമ പോലുള്ള വിനോദ മാധ്യമങ്ങള്‍ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ക്രീയാത്മകമായ ചര്‍ച്ചകള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കുമൊക്കെ സിനിമ എന്ന മാധ്യമത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ അത് ഗുണകരം തന്നെയാണ്. കഴിഞ്ഞ വര്‍ഷമാണ് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന പേരില്‍ ചലച്ചിത്രോത്സവം പ്രഖ്യാപിച്ചത്.

എന്‍ട്രികളായി ലഭിച്ച ചിത്രങ്ങളുടെ എണ്ണവും നിലവാരവും പ്രതീക്ഷകളെപ്പോലും മറികടക്കുന്നതായിരുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു. നിര്‍ണായകമായ ആരോഗ്യ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം പ്രതീക്ഷയ്ക്കും വക നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. കൊവിഡ് പശ്ചാത്തലത്തിലാണ് എന്‍ട്രികളായി ലഭിച്ച ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ഗ്രാമപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലും ആരോഗ്യ പരിരക്ഷ നല്‍കുന്നതിലെ വെല്ലുവിളികള്‍, കാന്‍സര്‍ എന്ന മഹാമാരിയോടുള്ള പോരാട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നഴ്സുമാരുടെയും മിഡ്-വൈഫുകളുടേയും ധൈര്യവും പ്രതിരോധവും തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള ഹ്രസ്വ ചിത്രങ്ങളാണ് ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന ചലച്ചിത്രോത്സവത്തിലേക്ക് ലഭിച്ചിരിക്കുന്നത്.

വീഡിയോ റിപ്പോര്‍ട്ടുകള്‍, അനിമേഷന്‍, നഴ്സുമാരുടെയും മിഡ്-വൈഫുകളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഹ്രസ്വചിത്രങ്ങള്‍ സമര്‍പ്പിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ലഭിച്ച എന്‍ട്രികളില്‍ നിന്ന് നാല് വിജയികളെ മെയ് മാസത്തില്‍ പ്രഖ്യാപിക്കും. ലോക പ്രശസ്ത കലാകാരന്മാരും സിനിമാ സംവിധായകരും അടങ്ങുന്നതാണ് ഈ ചലച്ചിത്രോത്സവത്തിലെ ജൂറി പാനല്‍.