രോഗബാധിതരിൽ അധികവും 50 വയസിൽ താഴെ പ്രായമുള്ളവർ- ചെറുപ്പക്കാർ സുരക്ഷിതരല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

March 26, 2020

കൊവിഡ്-19 അതിശക്തമായി പടർന്നുപിടിക്കുകയാണ്. മരണ സംഖ്യാ ഉയരുന്നതും രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ചെറുപ്പക്കാർ രോഗബാധയിൽ ഒട്ടും ആശങ്കാകുലരല്ല എന്നതാണ് വാസ്തവം. കാരണം പ്രായമായവർ ഭയന്നാൽ മതി എന്ന ചിന്താഗതിക്കാരാണ് ചെറുപ്പക്കാർ. എന്നാൽ ഇത് വെറും തെറ്റായ ധാരണയാണെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യ സംഘടന.

ചെറുപ്പക്കാർ സാമൂഹികമായ അകലം പാലിക്കാതെ ഇടപെടലുകൾ നടത്തുന്നത് സ്വന്തം ആരോഗ്യത്തിൽ ഉപരി വീട്ടുകാരുടെ ആരോഗ്യത്തെയാണ് അപകടത്തിലാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മാത്രമല്ല ലോകത്ത് രോഗബാധിതരായവരിൽ കൂടുതൽ ആളുകളും 50 വയസിൽ താഴെ പ്രായമുള്ളവരാണ്.

ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉപദേഷ്ടാവ് ബ്രൂസ് ഐൽ‌വാർഡ് പറയുന്നത് ചെറുപ്പക്കാരുടെ ഈ രീതി ആശങ്ക ഉയർത്തുന്നുണ്ട് എന്നാണ്. ‘ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം, ഇത് വലിയ രീതിയിൽ വ്യാപിച്ചതിനാൽ, ആയിരക്കണക്കിന് പേരിലേക്ക് പകരാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള ചില ചെറുപ്പക്കാർ കഠിനമായ രോഗത്തിലേക്ക് നീങ്ങുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല’. അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.