പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം ‘അങ്ങാടി’ക്ക് ഇന്ന് 40 വയസ്; ഇഷ്ടചിത്രം കാണാൻ അവസരമൊരുക്കി ഫ്‌ളവേഴ്‌സ് ടിവി, സംപ്രേഷണം ഉച്ചയ്ക്ക് 12:30 ന്

April 18, 2020

ചില സിനിമകൾ എത്ര കണ്ടാലും മതിവരില്ല… പാട്ടുകളിലൂടെയോ, ചില ഡയലോഗുകളിലൂടെയോ അവ പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും. അത്തരത്തിൽ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ ചിത്രമാണ് അങ്ങാടി.

ഐ വി ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർക്ക് വീണ്ടും കാണാൻ അവസരം ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക.

ജയൻ, സീമ, അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 40 വർഷങ്ങൾ പിന്നിടുമ്പോഴാണ് ചിത്രവുമായി ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മലയാളികൾ എക്കാലത്തും ഏറ്റുപാടിയ ‘പാവാട വേണം’, ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’, ‘കന്നിപ്പളുങ്കേ പൊന്നിൻകിനാവേ..’ തുടങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകർക്ക് സമ്മാനിച്ചത് അങ്ങാടി എന്ന ചിത്രമാണ്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ജയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് തന്റേതായ ശൈലി സംഭാവന ചെയ്ത മികച്ച കലാകാരനായിരുന്നു ജയൻ. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സുകളിൽ ഇന്നും മരിക്കാതെ നിലനിൽക്കുകയാണ്. അത്തരത്തിൽ ഒരു കഥാപാത്രത്തെ മലയാളിക്ക് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു അങ്ങാടി.