കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി അനില്‍ കുംബ്ലെ

വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. ഇന്ത്യയും കനത്ത ജാഗ്രത തുടരുകയാണ്. സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡ് 19 നെ ചെറുക്കാനുള്ള മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിന്നു പോരാടുകയാണ് ഈ മഹാമാരിയ്ക്ക് എതിരെ.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. നിരവധിപ്പേര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെയും സംഭാവന നല്‍കിയിരിക്കുകയാണ്. എന്നാല്‍ തുക വെളിപ്പെടുത്താതെയാണ് താരം സഹായം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്‌സ് ഫണ്ടിലേയ്ക്കും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുമാണ് അനില്‍ കുംബ്ലെയുടെ സംഭാവന. ‘കൊവിഡ് 19 നെ ചെറുക്കാന്‍ നാം ഓരോരുത്തരും ഒപ്പം ചേര്‍ന്ന് പോരാടണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ സംഭാവന നല്‍കുന്നു. നിങ്ങളും സംഭാവന ഉറപ്പാക്കൂ. എല്ലാവരും സുരക്ഷിതമായി വീടുകളില്‍ത്തന്നെ കഴിയൂ’ അനില്‍ കുംബ്ലെ ട്വീറ്റ് ചെയ്തു.

നിരവധി കായികതാരങ്ങള്‍ ഈ പോരാട്ടത്തില്‍ സഹായവുമായി രംഗത്തെത്തുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും തുക വെളിപ്പെടുത്താത്ത സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മ 80 ലക്ഷം രൂപയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപയും നല്‍കി. കൂടാതെ സുരേഷ് റെയ്ന 52 ലക്ഷവും അജിങ്ക്യ രഹാനെ 10 ലക്ഷവും സംഭാവന നല്‍കിയിട്ടുണ്ട്.