‘പല രൂപത്തിലും വരും കൃഷ്ണൻ’- വിഷുദിനത്തിൽ അനുസിത്താരയുടെ വീട്ടിലെത്തിയ അതിഥി

കൊവിഡ് കാലത്ത് ആഘോഷങ്ങളെല്ലാം വീടിനുള്ളിൽ തന്നെ ഒതുങ്ങുകയാണ്. വിഷുവും യാതൊരു ആരവങ്ങളുമില്ലാതെ കടന്നുപോകുകയാണ്. സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെ കണിയൊരുക്കിയും, സദ്യ ഒരുക്കിയും ആഘോഷങ്ങളിലാണ്. നടി അനുസിത്താരക്ക് ഇത്തവണ വിഷു ഇത്തിരി മധുരമുള്ളതാണ്.

കാരണം വയനാട്ടിലെ പുതിയ വീട്ടിൽ ആദ്യമായി വിഷു ആഘോഷിക്കുകയാണ്. കണിയും സദ്യയുമൊക്കെ ഒരുക്കിയിരിക്കുമ്പോൾ പുത്തൻ വീട്ടിൽ ഒരു അതിഥി എത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് അനുസിത്താര.

കണികാഴ്ചകളിൽ കണിക്കൊന്ന നിറത്തോടെ എത്തിയ ചിത്രശലഭത്തിന്റെ വീഡിയോ ആണ് നടി പങ്കുവെച്ചത്. മഞ്ഞ നിറത്തിൽ വീടിനുള്ളിലെല്ലാം പാറിപ്പറന്ന ശലഭത്തിന്റെ വീഡിയോയ്‌ക്കൊപ്പം അനുസിത്താര കുറിച്ചിരിക്കുന്നതിങ്ങനെ;’വീട്ടിലെ ഇന്നത്തെ അതിഥി .. പല രൂപത്തിലും വരും കൃഷ്ണൻ..’.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം വിദേശത്ത് നിന്നും എത്തിയതിനാൽ 14 ദിവസം അനുസിത്താര ഹോം ക്വാറന്റീനിൽ ആയിരുന്നു.