അഞ്ചാം തീയതി രാത്രി 9 മണിക്ക് വൈദ്യുതി ലൈറ്റുകള്‍ അണച്ച് ചെറു ദീപങ്ങള്‍ തെളിയിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

രാജ്യം ഒറ്റക്കെട്ടായി കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രയ്തിനിക്കുകയാണ്. കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരത്തേയ്ക്ക് വൈദ്യുത വിളക്കുകള്‍ അണച്ച് ചെറിയ ദീപങ്ങള്‍ തെളിയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ, ചിരാതുകളോ തെളിയിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ ജനതയുടെ ശക്തിയുടെ പ്രകടനമാകും ഈ വെളിച്ചമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളില്‍ ആരും ഒത്തു കൂടരുത്. വിളക്ക് തെളിയിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം. ഇതുമാത്രമാണ് കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള ഏകമാര്‍ഗ്ഗം എന്നും വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

Read more: വീട്ടില്‍ സൗകര്യങ്ങള്‍ കുറവ്; തോണിയുമായി പുഴയില്‍ അപ്പൂപ്പന്റെ സെല്‍ഫ് ക്വാറന്റീന്‍

ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കൊറോണയെ ചെറുക്കാന്‍ ശക്തമായി പോരാടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചതും മാതൃകയായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മറ്റ് രാജ്യങ്ങളും പിന്‍തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.