ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും; കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് 19 നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ ശക്തമാക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. കാസര്‍ഗോഡ് നഗരത്തോട് ചേര്‍ന്ന തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് ബൈക്ക് പെട്രോളിങ്ങും നടത്തും. ഭക്ഷണം വീടുകളില്‍ എത്തിച്ചുനല്‍കും. സ്വന്തമായി ശുചിമുറി ഇല്ലാത്ത വീടുകളില്‍ നിന്നും രോഗികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പ്രത്യേക ഇടങ്ങളിലേയ്ക്ക് മാറ്റും.

കൊവിഡ് 19 രോഗം കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിരീകരിച്ചത് 164 പേര്‍ക്കാണ്. ഇതില്‍ 24 പേര്‍ രോഗത്തില്‍ നിന്നും വിമുക്തരായി. 140 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10721 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.